ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ആദ്യകാലത്ത് ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു മല്ലപ്പള്ളി. 1982-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതിന് ശേഷം, 1983 ജൂൺ 9-ലെ സർക്കാർ ഉത്തരവ് പ്രകാരം തിരുവല്ല താലൂക്കിലെ 8 വില്ലേജുകൾ വേർപെടുത്തി മല്ലപ്പള്ളി താലൂക്ക് രൂപീകരിച്ചു. ഈ താലൂക്ക് അതിർത്തികളെ കേന്ദ്രീകരിച്ചാണ് പ്രാദേശിക വികസനം ലക്ഷ്യമിട്ട് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിതമായത്. പുരാതനമായ ചരിത്ര-സാംസ്കാരിക പാരമ്പര്യമുള്ള ഒരു പ്രദേശമാണ് മല്ലപ്പള്ളി ബ്ലോക്ക്. മല്ലന്മാരുടെ ഗ്രാമം എന്നതിൽ നിന്നാണ് മല്ലപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായതെന്ന് വിശ്വസിച്ചുപോരുന്നു. കുന്നുകളും താഴ്വരകളും ആറും തോടും വയലുകളും കൃഷിയിടങ്ങളും കൊണ്ട് പ്രകൃതി രമണീയമായ ഈ പ്രദേശം ഒരു കാലത്ത് വനമായിരുന്നു. കേരളത്തിൽ ഉച്ചനീചത്വം ആയിത്തം തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ പോലും മാതൃകാപരമായ മതസൗഹാർദ്ദവും സഹിഷ്ണുതയും ഇവിടെ നിലനിന്നിരുന്നു. ആനിക്കാട്, കല്ലൂപ്പാറ, കവിയൂർ, കുന്നന്താനം, കൊറ്റനാട്, കോട്ടാങ്ങൽ, മല്ലപ്പള്ളി എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കാർഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ് ഘടന നിലനിന്നിരുന്ന ഇവിടെ നാണ്യവിളയായ റബ്ബറിനാണ് ഇന്ന് മേൽക്കൈ. വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരുടെ വരുമാനവും ഐ.റ്റി. മേഖലയുടെ വികാസവുംമൂലം കച്ചവടവും തൊഴിലും വർദ്ധിച്ചിട്ടുണ്ട്. വ്യവസായ മേഖലകളിൽ വളർച്ച കൈവരിച്ചിട്ടുണ്ട്. വിദേശ മിഷണറിമാരുടെ കാലം മുതലേ വിദ്യാഭ്യാസരംഗം പുഷ്ടി പ്രാപിച്ചിരുന്നു. ആരോഗ്യം മൃഗപരിപാലനം, ക്ഷീരോല്പാദനം, എന്നീ മേഖലകളിലെ വളർച്ചയ്ക്ക് നിർണ്ണായകമായ നേതൃത്വം നൽകുവാൻ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ സുരക്ഷിതത്വം, വനിതാ ശാക്തീകരണം, പട്ടികജാതി-പട്ടിക വർഗ്ഗ മേഖലകളുടെ വികസനം, ദാരിദ്ര ലഘൂകരണം പൊതുമരാമത്ത് കുടിവെള്ളം ശുചിത്വം തുടങ്ങിയ ഇടങ്ങളിലും ബഹുദൂരം മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്.

പാണ്ഡവൻ കഥകളുടെ ചരിത്രമുറങ്ങുന്ന കുന്നന്താനവും കവിയൂർ രൂപാന്തരം പ്രാപിച്ചുണ്ടായ കവിയൂരും ഇടപ്പള്ളി രാജപ്രമുഖന്മാരുടെ പ്രതാപം വിളിച്ചു പറയുന്ന കല്ലൂപ്പാറയും പടയണി മഹോത്സവങ്ങളുടെ കേന്ദ്രമായ കോട്ടാങ്ങലും അയനിക്കാട് രൂപാന്തരപ്പെട്ടുണ്ടായ ആനിക്കാടും വനപ്രദേശമുൾപ്പെട്ട കൊറ്റനാടും ഈ ബ്ലോക്കിന്റെ പരിധിയിൽപ്പെട്ട ഗ്രാമപഞ്ചായത്തുകളാകുന്നു.